Friday, August 31, 2018

ജാവ കുരുവികൾ


നല്ല എണ്ണ മെഴുക്കുള്ള ശരീര പ്രകൃതി ഉള്ള കിളികൾ ആണ് ജാവ കുരുവികൾ. അതിനാൽ തന്നെ അവയെ കാണാൻ നല്ല ഭംഗിയോടും വൃത്തിയോടും കൂടി കാണപ്പെടുന്നു. കുടാതെ ഇവ നല്ല പാട്ടുകാർ കൂടിയാണ്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ ഇതിന്റെ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. 6 മാസം ആണ് ജാവ കുരുവികൾ ഇണ പ്രായം ആകുവാൻ. അപ്പോഴേ ആൺ പെൺ കിളികളെ തിരിച്ചറിയാൻ സാധിക്കു. ആൺ പെൺകിളികളുടെ കൊക്കും കണ്ണിനു ചുറ്റും ഉള്ള വട്ടത്തിന്റെയും വെത്യസങ്ങൾ ആണ് അവയെ വേർതിരിച്ചു അറിയാൻ സാധിക്കുന്നത്, ആൺ കിളികൾക്കു കൊക്ക് കുറച്ചു ചുവപ്പ് നിറം കുടുതലും കൊക്കിന്റെ വലിപ്പം പെൺകിളിയെ അപേക്ഷിച്ച് കുറച്ചു കുടുതലും ആകും,ആൺ കിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടംപെൺകിളിയെ അപേക്ഷിച്ച് കടും ചുവപ്പും വട്ടം അല്പം കുടുതലും ആകും.  കുടാതെ ആൺ കിളികൾ നന്നായി പാട്ട് പാടുന്നവർ ആണ് അതാണ് ആൺ കിളിയെ പെൺകിളിയിൽ നിന്നും പെട്ടന്നു വേർതിരിച്ചു മനസിലാകാൻ സാധിക്കും. പെൺ കിളികൾ ശരീരം കൊണ്ടും ആൺ കിളിയെ അപേക്ഷിച്ച് അല്പം മാത്രം ചെറുതാണ്, പിന്നെ പെൺ കിളിയുടെ കൊക്കിന്റെ നിറം ചെറുതായി മങ്ങിയ ചുവപ്പും അല്പം വലിപ്പം കുറവും ഉണ്ടാകും ആൺ കിളിയുടെ കൊക്കിനെ അപേക്ഷിച്ച് നോക്കിയാൽ പെൺകിളിയുടെ കണ്ണിനു ചുറ്റുമുള്ള വട്ടം ചെറുതും അതിന്റെ ചുവപ്പ് നിറം അല്പം മങ്ങിയതും ആകും.
 
കോളനി ബ്രീഡിങ്ങിനെ അപേക്ഷിച്ച് ഓരോ ജോഡിയായി വളർത്തുമ്പോൾ ആണ് കുഞ്ഞുങ്ങൾ കൂടുതൽ ജാവയിൽ ലഭിക്കുക. ഒരു ജോഡി ജാവ വളർത്താൻ വേണ്ട ഏറ്റവും ചെറിയ കൂടിന്റെ വലിപ്പം 2 അടി നീളം 2 അടി വീതി 2 അടി ഉയരം ആണ്. ഉണ്ടാക്കുന്ന നെറ്റ് അര ഇഞ്ച്‌ കണി അകലം ഉള്ളത് ഉപയോഗിക്കുക ( അതിലും ചെറുതായാൽ നല്ലത് ). പല്ലി, പാറ്റ എന്നിവ ജാവയുടെ ശത്രുകൾ ആണ് അത് കൊണ്ടാണ് ചെറിയ നെറ്റ് ഉപയോഗിക്കുന്നത്. 1 വർഷം എത്തിയ ജാവ കുരുവികളെ ഇണ ചേർക്കുന്നതാണ് നല്ലത് അല്ലെങ്കിൽ എഗ്ഗ് ബൈൻഡിങ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.


തിന, നെല്ല്, ചെറിയ കിളികൾക്കുള്ള സീഡ് മിക്സ് എന്നിവ ആഹാരമായി കൊടുക്കാം. ദിവസവും കുളിക്കുന്ന സ്വഭാവം ഉള്ള കിളികൾ ആണ് ജാവ കുരുവികൾ അത് കൊണ്ട് അവക്ക് കുടിക്കാനും കുളിക്കാനും വെള്ളം വേറെ വേറെ വെച്ചു കൊടുക്കണം, കുളിക്കുന്ന വെള്ളം അവ കുളിച്ചുകഴിഞ്ഞാൽ കൂട്ടിൽ നിന്നും എടുത്തു മാറ്റണം, എപ്പോഴും കുടിക്കാൻ ഉള്ള വെള്ളം കൂട്ടിൽ ലഭ്യമാകണം. തണുപ്പ് ഉള്ള അന്തരീക്ഷത്തിൽ കൂട്ടിൽ ഒരു 40 വാട്സ് ബൾബ്‌ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കാൽസ്യത്തിനു വേണ്ടി കടൽ നാക് നിർബന്ധമായും കൊടുക്കണം. ഇല വർഗങ്ങൾ തുളസിയില,പനീർകൂർക്ക ഇല, മുരിങ്ങ ഇല,കുടങ്ങൽ, ചീര എന്നിവ മാറി മാറി ഓരോ ദിവസവും കൊടുക്കാം. 

കൂടാതെ എഗ്ഗ് ഫുഡ്‌(3 Days കൂടുമ്പോൾ ), സോഫ്റ്റ്‌ ഫുഡ്‌ , കാരറ്റ്, ബീട്രൂറ്റ് എന്നിവ നാര് പോലെ ചികിയതു ( ഒന്നിടവിട്ട ദിവസങ്ങളിൽ), ചെറുപയർ മുളപ്പിച്ചത്, തിന മുളപ്പിച്ചത് ( ആഴ്ചയിൽ ഒരിക്കൽ ) എന്നിവ കൊടുക്കാം. ഇവ കൂട്ടിൽ 6 മണിക്കൂറിൽ കൂടുതൽ വെക്കരുത് ഫങ്ങൽ ഇൻഫെക്ഷൻ വരാൻ സാധ്യത ഉള്ളത് കൊണ്ട് ആണ് അങ്ങിനെ ചെയ്യുന്നത് . 

ജാവ കൂട്  ഉണ്ടാക്കാൻ  വേണ്ടി ചെറിയ കലമോ ബ്രീടിംഗ് ബോക്സ്‌ എന്നിവ വെച്ചു കൊടുക്കാം. പുതിയ കൂടിനെയും സാഹചര്യങ്ങളുമായി ഇണങ്ങി വരാൻ കുറച്ചു സമയം എടുക്കാം. ജാവ പൊതുവേ പേടി ഉള്ള കൂട്ടത്തിൽ ഉള്ള കിളികൾ ആയതു കൊണ്ട് പുതിയ കൂട്ടിലേക്കു ഇട്ടാൽ കഴിവതും അവയെ പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ജാവ കുരുവികൾ കൂട് കൂട്ടി മുട്ട ഇടുന്ന സ്വഭാവം ഉള്ള കിളികൾ ആയതു കൊണ്ട് കൂട് കൂട്ടാൻ അവക്ക്  ചകിരി നാരോ ചെറിയ തരം പുല്ലുകളോ കൂട്ടിൽ ഇട്ടു കൊടുക്കണം. ആൺ പെൺകിളികൾ ചേർന്ന് അവ എടുത്തു കൊണ്ടുപോയി കൂടുണ്ടാകുന്നു. കൂടുണ്ടാക്കിയശേഷം ആണ് അവയുടെ ഇണ ചേരൽ ഉണ്ടാകുക. ഇണ ചേരാൻ വേണ്ടി ആൺ കിളി പെൺകിളിയെ ആകർഷിക്കാൻ വേണ്ടി നല്ല രീതിയിൽ പാട്ട് പാടുന്നത് കാണാം കൂടാതെ പെൺകിളിയുടെ അടുത്തു പോയി ചാടിയും പാട്ടു പാടിയും ഇണയെ ആകർഷിക്കും. ഇണ ചേർന്ന് 4 മുതൽ 7 ദിവസത്തിനുളിൽ പെൺ കിളി മുട്ട ഇടാം ( 4 മുതൽ 7 മുട്ടകൾ വരെ ഇടും ) ( രണ്ടും പെൺകിളികൾ ആണെകിലും മുട്ട ഇടും അൺഫെർട്ടിലൈസ്ഡ് എഗ്ഗ്. പക്ഷെ അവ അടിയിരിക്കാതെ ഇരിക്കുകയും ചെയ്യും ) മുട്ട ഇട്ടു 18 മുതൽ 21 ദിവസത്തിനു ഉള്ളിൽ മുട്ടകൾ വിരിയും(ഒരു 26 ദിവസം നോക്കിയശേഷം മുട്ടകൾ എടുത്തു കളയാം) മുട്ടകൾ വിരിഞ്ഞിരിക്കുന്ന സമയത്ത് എറുമ്പുകൾ കൂട്ടിൽ കേറാതെ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുന്ന സമയത്ത്സാധാരണ കൊടുക്കുന്ന ഫുഡിനെക്കാളും അല്പം കൂടുതൽ വെച്ചു കൊടുക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്. 40 ദിവസം ആകുമ്പോൾ കുഞ്ഞുങ്ങൾ പൂർണ വളർച്ചയിൽ എത്തും, വളർച്ച എത്തിയ കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാലും അവക്ക് അവയുടെ മാതാപിതാക്കൾ അവ തനിയെ ഭക്ഷണം കഴിച്ചു പഠിക്കുന്നത് വരെ ആഹാരം കൊടുക്കും, പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ തനിയെ ആഹാരം കഴിച്ചു തുടങ്ങിയാൽ വേറെ കൂട്ടിലേക്കു മാറ്റി ഇടാം.



അരുമ പക്ഷികൾ [ LOVE BIRDS ]

ചുവപ്പുനിറമായി ഭൂരിഭാഗം ലൌബേഡ്സിന്റേയും ചുണ്ടുകളുടെ നിറം വെള്ളയായിരിക്കും. ബ്ലാക്ക്മാസ്ക്കാണ് വിലയിലെ രാജാവ്. 4500 രൂപയാണ് ഇതിന്റെ മാർക്കറ്റു  വില. പച്ചനിറം, ചുണ്ട് ചുവപ്പ്,മുഖത്തിന് ചുവപ്പിൽ കറുപ്പ് ഷെയ്ഡും ചേർന്നുള്ള  നിറമാണ് ഇതിന്റെ പ്രത്യേകത. മറ്റ് ആഫ്രിക്കൻ  ഇനങ്ങൾക്ക്  2500-3000 രൂപയാണ് വില.

ജനുവരി മുതൽ  ഏപ്രിൽ  അവസാനം വരെയുള്ള സമയമാണ് ലൌബേഡ്സിന്റെ സീസൺ എന്നു പറയുന്നത്. കൂട്ടിൽ തന്നെ നിർമ്മിച്ച് നല്കിയിരിക്കുന്ന കലങ്ങളിലാണ് ഇവ മുട്ടയിടുന്നത്. ഇവ തന്നെ അടയിരിക്കുന്നു. ഒരുമാസം കൊണ്ട് പൂർണ്ണ  വളർച്ചയെത്തി  കുഞ്ഞുങ്ങൾ കലത്തിനു വെളിയിൽ വരും. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ബ്രഡു നല്കുന്നതാണ് നല്ലതെന്ന് വ്യാപാരികൾ പറയുന്നു. മറ്റുള്ളവയ്ക്ക് സൂര്യകാന്തിചെടിയുടെ വിത്ത് ചെറുപയർ, തിന ചോളം എന്നിവയാണ് പ്രധാനമായും നല്കുന്നത്. ഏകദേശം രണ്ടര മാസമാകുന്പോൾ വില്പ്പന നടത്താമെന്ന് വ്യാപാരികൾ പറയുന്നു. ഇവയെ വളർത്തുന്നതിന് നല്ലതും വൃത്തിയുള്ളതുമായ കൂടുകളാണ് പ്രധാനമായും വേണ്ടത്. ഇവയ്ക്കു നല്കുന്ന വെള്ളവും ഭക്ഷണവും ഓരോ ദിവസവും മാറ്റി നല്കണം. നല്ല പരിപാലനം നൽകിയാൽ നല്ല ലാഭവും കണ്ടെത്താം. ഒരുമാസം 100-150 എണ്ണം വരെ വിൽക്കാൻ സാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പക്ഷി വളർത്തലിൽ താല്പര്യം ഉള്ളവർക്ക് എളുപ്പത്തിൽ ലാഭം ഉണ്ടാക്കുവാൻ സാധിക്കുന്ന ഒന്നാണ് ലൌബേഡ്സ് വളർത്തൽ. വീടിന്റെ മോടികൂട്ടുന്നതിന്റെ ഭാഗമായി നിരവധി ആളുകൾ ഇന്ന് ലൌബേഡ്സിനെ വളർത്തുന്നുണ്ട് .

ഓമന പക്ഷികളുടെ കൂടും തീറ്റക്രമവും


മുഖ്യമായും മാനസ്സിക ഉല്ലാസം  പകർന്നു കൊടുക്കുന്ന പക്ഷികളെയാണ് ഓമനപക്ഷികൾ എന്നു പറയുന്നത്. പല വികസിത രാജ്യങ്ങളിലും മാനസീകവും ശാരീരികവുമായ പല വിഷമതകളുടേയും അതിജീവനത്തിന് അരുമകളായ ജീവികളെ ഉപയോഗിച്ചുവരുന്നു. പെറ്റ്തെറാപ്പി എന്ന പേരിൽ ഒരു ചികിത്സാശാഖതന്നെയുണ്ട്. ഏകാന്തതയെ ചെറുക്കാനും സ്വഭാവരൂപീകരണത്തിന് സഹായിക്കാനും ഇത്തരം ജീവികളെ പ്രയോജനപ്പെടുത്തുന്നു.

പ്രതിഫലം ഒന്നും ഇച്ഛിക്കാതെ നമ്മുടെ വീടുകളിൽ ചെറുകൂടുകളിൽ പലതരത്തിലുള്ള ഓമനപക്ഷികളെയും പലരും വളർത്താറുണ്ട്. ഇത്തരത്തലുള്ള പക്ഷികളാണ് തത്ത, കുയിൽ, മൈന, പ്രാവ് തുടങ്ങിയവ. കൂടാതെ വേറേയും പല ഓമനകളുണ്ട്. ശരിയായ പാർപ്പിടവും തീറ്റയുമില്ലെങ്കിൽ ഇവയുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു.

പക്ഷുക്കൂടിന്റെ വലുപ്പവും ആകൃതിയും പക്ഷികളുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. കന്പികൊണ്ടുണ്ടാക്കിയ ദീർഘചതുരാകൃതിയിലുള്ള കൂടുകളാണ് ഉത്തമം. കൂട്ടിൽ പറന്നു കളിക്കാനുള്ള സ്ഥലവും വിശ്രമസ്ഥലവും അഭയസ്ഥലവും ഉണ്ടായിരിക്കണം. പ്രാവുകൾക്ക് മരം കൊണ്ടുണ്ടാക്കിയ മുന്പിൽ ചെറിയ വാതിലുകളുള്ള കൂടുകളോ തൂക്കിയിടാവുന്നതരം കൊട്ടകളോ കൂടുകളായി ഉപയോഗിക്കാം. ഏതുതരം കൂടായാലും ഒരു നല്ല തറ അതിനുണ്ടായിരിക്കണം. അത് വൃത്തിയാക്കാൻ എളുപ്പമുള്ളതുമായിരിക്കണം. വലുപ്പമുള്ളവയ്ക്ക് മരംകൊണ്ടോ കോൺക്രീറ്റുകൊണ്ടോ  ഉണ്ടാക്കിയ തറയിൽ വയര്നെറ്റ്, കന്പി എന്നിവ കൊണ്ടുണ്ടാക്കിയ കൂടുവെയ്ക്കാം. നിലത്ത് കുറച്ച് വിരി ഇട്ട് കൊടുക്കണം. കൂട്ടിനുള്ളിൽ ഒരു മരകൊന്പ് ഉയരത്തിൽ വച്ചുകൊടുക്കുന്നത് നല്ലതാണ്. കൂടുകൾക്ക് മേൽക്കൂരയും വേണം.

പക്ഷികളുടെ തല അഴികൾക്കിടയിൽപ്പെട്ട് അപകടം ഉണ്ടാവാതിരിക്കാൻ അഴികള്തമ്മിലുള്ള അകലം പരമാവധി കുറയ്ക്കണം. തുരുന്പുപിടിക്കാത്ത സ്റ്റീല്കൊണ്ടുണ്ടാക്കി കൂടുകൾ വൃത്തിയാക്കാൻ എളുപ്പമാണ്. ഏതുതരം കൂടായാലും അതിന്റെ വാതിൽ ആവശ്യനുസരണം വലുപ്പമുള്ളതായിരിക്കണം. പക്ഷികൾ കാഷ്ഠത്തിൽ ചവിട്ടിനില്ക്കുന്ന അവസ്ഥ ഒഴിവാക്കണം.

പക്ഷികൾക്ക് ഇരിക്കാനും ചാഞ്ചാടാനുമുള്ള സൌകര്യം കൂട്ടിൽ വേണം. ആടി കളിക്കാൻ കന്പികൊണ്ടോ കയറു കൊണ്ടോ സൌകര്യം ഉണ്ടാക്കാം. വെള്ളപാത്രങ്ങളും തീറ്റപാത്രങ്ങളും മരകന്പുകൊണ്ടോ മുളതടികൊണ്ടോ നിർമ്മിക്കാം. ധാന്യങ്ങളും പൊടിയിനങ്ങളും കൊടുക്കാൻ തുറന്ന പാത്രമാണ് നല്ലത്. ഈ പാത്രങ്ങളിൽ കാഷ്ഠം വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

ഓനമപക്ഷികൾക്ക് താരതമ്യേന കൂടുതൽ തീറ്റ ആവശ്യമാണ്. ചില പക്ഷികൾ അവയുടെ ശരീരഭാരത്തേക്കാൾ കൂടുതൽ തീറ്റ തിന്നുന്നു. പോഷകങ്ങൾ അടങ്ങിയ തീറ്റ ദിനംപ്രതി രണ്ടുപ്രാവശ്യമെങ്കിലും നല്കണം. ശുദ്ധജലത്തിന് പുറമേ മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ അടങ്ങിയതായിരിക്കണം തീറ്റ.

വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കുപുറമേ ചിലയിനം ജീവികളേയും തീറ്റയിൽ ഉൾപ്പെടുത്താം. പയർ വർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, മാംസം, ക്ഷീരോല്പ്പന്നങ്ങൾ എന്നിവ കൊടുക്കാം. പക്ഷികൾക്ക് യഥേഷ്ടം ശുദ്ധജലം നല്കണം. എല്ലാ ശരീരധർമ്മങ്ങളുടെയും നിര്വഹണത്തിന് ജലം മുഖ്യഘടകമാണ്. ചെറുപക്ഷികൾക്ക് ഒരു ദിവസം മൂന്നു സ്പൂൺ വരേയും തത്തവർഗ്ഗത്തിലുള്ളവയ്ക്ക് എട്ടുസ്പൂൺ വരേയും വലിയ ഓമനപക്ഷികൾക്ക് പതിനഞ്ച് സ്പൂണും വെള്ളം ആവശ്യമാണ്.

പക്ഷികൾക്ക് കൊടുക്കുന്ന വിത്തുകൾ മുളപൊട്ടാത്തതും കൃമി കീടബാധയേല്ക്കാത്തതുമായിരിക്കണം. 10-20 ശതമാനം  വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉണ്ടാവണം. പക്ഷിത്തീറ്റയിൽ അഞ്ചുശതമാനം വരെ മാംസവും ക്ഷീരോല്പ്പന്നങ്ങളും ഉൾപ്പെടുത്തണം. എളുപ്പം കേടുവരുന്നതിനാൽ മാംസവും ക്ഷീരോല്പ്പന്നങ്ങളും അരമണിക്കൂറിൽ കൂടുതൽ തുറന്ന് വയ്ക്കരുത്. വേവിച്ച വർഗ്ഗങ്ങൾ  5-10 ശതമാനം വരെ ആഹാരത്തിൽ ഉൾപ്പെടുത്താം. തീറ്റയില്‍ ഗ്രിറ്റ് അഥവാ മണൽ ചേർക്കുന്നത് വഴി കാൽസ്യം തുടങ്ങിയ മൂലകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താം. ഉപ്പ് അധികമാവാതിരിക്കാൾ ശ്രദ്ധിക്കണം.

പലതരം പക്ഷികളും പലതരം തീറ്റയെടുക്കുന്ന സ്വഭാവക്കാരാണ്. മൈനകൾ പ്രാണികളെ കൂടുതല്‍ തിന്നുന്നു. തത്തകൾക്ക് കൂടുതല്‍ ധാന്യമാണ് താല്പര്യം. പയര്‍, മുതിര, അരി, ഗോതന്പ്, പച്ചക്കറി വർഗ്ഗങ്ങൾ, ചോളം, വിത്തിനങ്ങൾ, പൊടിയിനങ്ങൾ, പച്ചിലകൾ, കോഴിത്തീറ്റകൾ, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയെല്ലാം തീറ്റിയിൽ ഉൾപ്പെടുത്താം.

ചെറിയ കുഞ്ഞുങ്ങൾക്ക് വായിലുള്ള തീറ്റ തള്ളിയിറക്കികൊടുക്കണം. ഇതിനായി തീപ്പെട്ടിക്കൊള്ളി, മരച്ചീൾ തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കാം. കുഞ്ഞുങ്ങൾക്ക് അരമണിക്കൂര്‍ ഇടവിട്ട് തീറ്റ നല്കാം. പുഴുങ്ങിയ മുട്ട ചതച്ചത്, ബിസ്ക്കറ്റ് പൊടി, ചെറിയ പുഴുക്കൾ, പാലില്മുക്കിയറൊട്ടി എന്നിവയും ചെറിയ അളവിൽ പയര്‍ വർഗ്ഗങ്ങളും നല്കാം.

കുഞ്ഞികുരുവി


ഓലേഞ്ഞാലിക്കുരുവി എന്ന പുത്തൻ പാട്ടുകേൾക്കുമ്പോൾ മനസ്സില്‍ ഗൃഹാതുരത്വം ഉണരുന്നുണ്ടോ? തൊടിയിലെ മരങ്ങളിൽ തൂങ്ങിയാടി മനോഹരമായ കൂട് നെയ്തൊരുക്കുന്ന ആറ്റക്കുരുവികളെ ഓർമ്മയുണ്ടോ? നമ്മുടെ പ്രിയപ്പെട്ട കുഞ്ഞികുരുവികളോട് സാദൃശ്യമുള്ള കിളികളാണ് ഫിഞ്ചുകൾ. ഒപ്പം വയൽക്കിളികൾ എന്ന ഓമനപ്പേരില്‍ വിളിക്കാവുന്ന ജാവപക്ഷികളുമുണ്ട്. കുഞ്ഞുപക്ഷികളെങ്കിലും വിപണിയില്‍ ഏറെ പ്രിയമുള്ള ഇവര്‍ ചിറകുകളുടെ വർണ്ണവ്യത്യാസംകൊണ്ടും മധുരമാർന്ന സ്വരവിന്യാസത്താലും അതിവേഗ ചലനങ്ങള്കൊണ്ടും പക്ഷിപ്രേമികളുടെ മനസ്സ് കീഴടക്കികഴിഞ്ഞിരിക്കുന്നു.

ഫിഞ്ചുകളുടെ വിസ്മയലോകം


നമ്മുടെ തൂക്കണാംകുരുവികളുടെ രൂപസാദൃശ്യം പേറുന്ന ഫിഞ്ചുകൾ കേവലം 10-15 സെ.മീ. വലുപ്പമുള്ള കുഞ്ഞിക്കിളികളാണ്. സീബ്രഫിഞ്ച്, ബംഗാളീസ് ഫിഞ്ച്, ഗൂള്ഡിയര്ഫിഞ്ച്, കട്ട്ത്രോട്ട് ഫിഞ്ച്, ഗ്രാസ്ഫിഞ്ച്, സ്റ്റാര്ഫിഞ്ച്, കാര്ഡിനല് ഫിഞ്ച് തുടങ്ങിയ വിപുലമായ ഇന വൈവിധ്യം  ഫിഞ്ചുകളിലുണ്ട്. വാക്സ്ബില്സ്, നണ്സ് എന്നിവയും ഇവരുടെ കുടുംബക്കാരൻ തന്നെ.

ചെറിയ കണ്ണികളുള്ള  വലക്കൂടുകളാണ് ഫിഞ്ചുകളെ പാർപ്പിക്കാൻ ഉത്തമം. ഒരുജോഡിയെ പാർപ്പിക്കാൻ 1X1X2 അടിവിസ്തീർണ്ണമുള്ള കൂടുകൾ മതി. ജന്മശത്രുക്കളായ ഉറുന്പുകൾ, പല്ലികൾ എന്നിവയില്‍ നിന്നും സംരക്ഷണം നല്കണം. കൂടുവൃത്തിയായി സൂക്ഷിച്ചും കൂടിന്റെ കാലുകൾ വെള്ളത്തിൽ ഉറപ്പിച്ചു നിർത്തിയും ഉറുന്പുകളെ അകറ്റാം. മഞ്ഞൾപ്പൊടി വിതറുന്നതും നല്ലതാണ്. കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന പലകളുടെ വിടവ് പല്ലികൾക്ക്  കടക്കാന്കഴിയാത്തവിധമായിരിക്കണം. പുതുവെള്ളത്തിൽ കുളിക്കുന്ന പതിവുള്ളതിനാല്‍ വെള്ളപാത്രത്തിലെ വെള്ളം ദിവസേന മാറ്റിവെയ്ക്കണം.

കുതിർത്തു ചതച്ച തിന, കടല, ചെറുപയർ,നീളമുള്ള പച്ചപയർ അരിഞ്ഞത് എന്നിവ തീറ്റയായി നല്കാം. പ്രജനന സമയത്ത് ബ്രഡ് പാലിൽ കുതിർത്തു നല്കാം. ഒപ്പം ജീവനുള്ള പ്രാണികൾ, പഴമീച്ചകൾ, പുഴുക്കൾ എന്നിവ നല്കണം. തൂവലുകളുടെ വർണ തീഷ്ണത കൂട്ടാൻ കാരറ്റ് പുഴുങ്ങിയത്, മരക്കരി, കണവനാക്ക്, ചുടുകട്ടപ്പൊടി എന്നിവയും തീറ്റയിൽ ചേർത്ത് നല്കാം.

ഒരു വയസ്സെത്തുമ്പോൾ ഫിഞ്ചുകളെ ഇണചേർക്കാം. വർഷത്തിൽ മൂന്നുനാലുതവണ പ്രജനനം നടക്കാറുണ്ട്. സ്വന്തമായി അടയിരിക്കാൻ കൂട് ഒരുക്കുന്നവരാണ് ഇവര്‍. ചിരട്ട അറയായി ഉപയോഗിക്കുന്നതാണ് ഉത്തമം. ചകിരി, പുല്നാന്പുകൾ, തണ്ടുകൾ, കൊതുന്പ്, ഇവയൊക്കെ കൂടുകൂട്ടാൻ ഒരുക്കിക്കൊടുക്കാവുന്നതാണ്. ഒരുസമയത്ത് പിടക്കിളികള്‍ 5-6 മുട്ടകളിടുന്നു. പെണ്കിളികള്‍ മുഴുവൻ സമയം അടയിരിക്കുകയും 11-13 ദിവസത്തിനുള്ളില്‍ മുട്ട വിരിയുകയും ചെയ്യുന്നു. ആദ്യ ആഴ്ച ഇണക്കിളികള്‍ ചേർന്ന് കുഞ്ഞുങ്ങളെ ഊട്ടുന്നു. മൂന്നാഴ്ച കഴിയുന്പോൾ കുഞ്ഞുങ്ങൾ സ്വതന്ത്രരാവുന്നതോടെ പെണ്കിളി വീണ്ടും മുട്ടയിട്ടുതുടങ്ങുന്നു.

കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണ രീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

അലങ്കാരപ്പക്ഷികളെ വളര്‍ത്തല്‍, പ്രജനനം, വിപണനം എന്നിവ ഭാരതത്തിലുടനീളം ഇന്ന് ചെറുകിട കൃഷിയായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍തലത്തില്‍നിന്നു സഹായങ്ങളില്ലാതെതന്നെ ഇത്തരത്തിലുള്ള നൂതന കൃഷിരീതികള്‍ വ്യാപിക്കുന്നതു പ്രശംസയര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍ അവയുടെ പരിചരണത്തിലുള്ള പോരായ്മകള്‍ പക്ഷികളുടെ പ്രജനനത്തിലും സ്വഭാവരീതികളിലും ഉണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. ഓരോ ഇനം പക്ഷികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാലന രീതികളാണുള്ളത്.

അരുമപ്പക്ഷികളില്‍ കുഞ്ഞന്‍മാരായ ഫിഞ്ചുകളുടെ പരിചരണ പ്രജനന രീതികളെപ്പറ്റിയാണ് ഈ ലക്കത്തില്‍ പരാമര്‍ശിക്കുന്നത്. തിന, തുളസിയില എന്നിവയാണ് സാധാരണയായി പലരും ഫിഞ്ചുകള്‍ക്കു നല്കാറുള്ളത്. സീബ്രാ ഫിഞ്ച്സ്, കട്ട്ത്രോട്ട് ഫിഞ്ച്സ്, കോര്‍ഡന്‍ ബ്ളൂ ഫിഞ്ച്സ് , ജാവാ കുരുവികള്‍ ബംഗാളി ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ് , ലോംഗ്ടെയ്ല്‍ ഫിഞ്ച്സ് ഗോള്‍ഡിയന്‍ ഫിഞ്ച്സ്, സ്റാര്‍ ഫിഞ്ച്സ് എന്നിവ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഫിഞ്ച് ഇനങ്ങളാണ്.

ഫിഞ്ചുവര്‍ഗങ്ങള്‍ എല്ലാംതന്നെ അവരുടേതായ സാമൂഹിക ചുറ്റുപാടില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ വലിയ കൂടുകളൊരുക്കുവാന്‍ ശ്രദ്ധിക്കണം. കൂടിനുപയോഗിക്കുന്ന വലയുടെ കണ്ണികളുടെവലിപ്പം അര ഇഞ്ചോ അതില്‍ താഴെയോ ആകുന്നതാവും ഉത്തമം. ഇത്തരം വലകള്‍ ഉപയോഗിച്ചാല്‍ ഫിഞ്ചുകള്‍ക്കും അവയുടെ മുട്ടകള്‍ക്കും ഭീഷണിയാകുന്ന ഉരഗങ്ങളില്‍നിന്നു സംരക്ഷണം നല്കാന്‍ സാധിക്കും.

ഒരു ജോടി ഫിഞ്ചിനു ഒന്നര മുതല്‍ രണ്ടു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടുകളുടെ വലിപ്പം കൂടുന്നതിനുസരിച്ച് അവയുടെ രോഗപ്രതിരോധശേഷിയും കൂടും. കാരണം വലിയ കൂടുകളില്‍ പറന്നുടക്കുന്നതിലൂടെ വ്യായാമമാകും, അത് ആരോഗ്യത്തിനു നല്ലതാണ്. ഫിഞ്ചുകള്‍ തുറസായ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും വസിക്കുന്നവ ആയതിനാല്‍ വലിയ കൂടുകളൊരുക്കുമ്പോള്‍ അവയില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്. ഇത്തരം ചെടികളില്‍ വന്നിരിക്കുന്ന ചെറുപ്രാണികളെ പക്ഷികള്‍ ആഹാരമാക്കുകയുംചെയ്യും.

പ്രജനത്തിനായുള്ള കൂടൊരുക്കുമ്പോള്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രജനത്തിനായി മണ്‍കുടങ്ങള്‍, മരപ്പെട്ടികള്‍, ചിരട്ട എന്നിവ കൂടിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിക്കാം. ഇതുവഴി അവയ്ക്ക് ഇഷ്ടാനുസരണം പ്രജനന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഫിഞ്ചുകള്‍ പ്രകൃതിദത്ത കൂടു നിര്‍മിക്കുന്നതില്‍ അതിസമര്‍ഥരാണ്. അതിനായി കൂടിനുള്ളില്‍ ചകിരിനാരുകള്‍, പഞ്ഞി, ചെറിയ ഓലക്കീറുകള്‍, നീളമുള്ള ഉണങ്ങിയ പുല്ല് എന്നിവ നല്കണം. ഇത്തരം കൂടുകളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കും. ഫിഞ്ചുകളെ വളര്‍ത്തുന്നവരുടെ ഒരു പൊതു പരാതിയാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നു അല്ലെങ്കില്‍ മറ്റുള്ളവ ഇവയെ ആക്രമിക്കുന്നു എന്നുള്ളത്. ഫിഞ്ചുകള്‍ സ്വയം മേയുന്ന കൂടുകളില്‍ ഇത്തരം പ്രശ്നങ്ങൾ കുറവുള്ളതായി കണ്ടുവരുന്നു.

ഭക്ഷണക്രമം


പൊതുവായി നല്കാറുള്ള തീറ്റയോടൊപ്പം പലതരം ചെറുധാന്യങ്ങള്‍ നല്കുന്നത് നല്ലതാണ്. റാഗി, നുറുക്കിയ ഗോതമ്പ്, ചെറുപയര്‍ നുറുക്കിയത് എന്നിവ നല്കാം. ഇവയോടൊപ്പംതന്നെ തിന, ഗോതമ്പ്, ചെറുപയര്‍ എന്നിവ മുളപ്പിച്ച് അവയുടെ നാമ്പുകള്‍ ശരാശരി രണ്ടു ദിവസം വളര്‍ച്ചവരുമ്പോള്‍ ഉപയോഗിക്കാം. ഉണങ്ങിയ ധാന്യങ്ങളേക്കാളും പ്രിയം മുളപ്പിച്ച ധാന്യങ്ങളും അവയുടെ ഇലകളുമാണെന്നു കാണാം.

എല്ലാത്തരം ഫിഞ്ചുകളും ചെറുപ്രണികളെയും പുഴുക്കളെയും മറ്റും കഴിക്കുന്നവയാണ്. അത്തരം പുഴുക്കളെ നിസാരമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇതിനായി ഒരു ബ്രഡില്‍ അല്പം പാലൊഴിച്ച് കുതിര്‍ത്ത് രണ്ടുദിവസം വച്ചാല്‍മതി. ഇങ്ങനെയുണ്ടാകുന്ന പുഴുക്കളെ ഫിഞ്ചുകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതുഭക്ഷണശീലങ്ങളോട് പരിചയപ്പെടാന്‍ അല്പം കാലതാമസമെടുത്തേക്കാം.

മുളപ്പിച്ച ധാന്യങ്ങളോടൊപ്പംതന്നെ മുരിങ്ങ, മല്ലി, പുതിന തുളസി, പനിക്കൂര്‍ക്ക തുടങ്ങിയവയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രജനനം എളുപ്പമാകും. കാരണം ഇത്തരം ഇലകളില്‍ ഫോളിക് ആസിഡിന്റെ അംശം വളരെ കൂടുതലാണ്. കൂടാതെ പുഴുങ്ങിയ മുട്ട, ബ്രഡ്, മറ്റു ധാതുലവണങ്ങൾ, വൈറ്റമിന്‍ മരുന്നുകള്‍ എന്നിവ ഒരുമിച്ച് നല്കുന്നത് പക്ഷികള്‍ക്കു മികച്ച രോഗപ്രതിരോധശേഷി നല്കുകയും തൂവലുകള്‍ക്കു തിളക്കം കൂട്ടുകയും ചെയ്യുന്നു.

ഫിഞ്ചുകള്‍ വൃത്തിക്കു പ്രാധാന്യം നല്കുന്നതിനാല്‍ അവയ്ക്ക് കൂടുകളില്‍ ശുദ്ധജലം ഉറപ്പാക്കണം. കൂട്ടിലെ കുടിവെള്ളം ദിവസേന മാറ്റി നല്കണം. പരന്ന പാത്രങ്ങളില്‍ വെള്ളം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കൂട്ടമായി വളര്‍ത്തുന്നവര്‍ പല ഇനത്തിലുള്ള ഫിഞ്ചുകളെ ഒരു കൂട്ടില്‍തന്നെ വളര്‍ത്താറുണ്ട്. എന്നാല്‍ അങ്ങനെ വളര്‍ത്തുമ്പോള്‍ ഒരേ സ്വഭാവഗുണങ്ങളുള്ളവയെ ഒരുമിച്ചു പാര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പരസ്പരം ആക്രമിക്കാനുള്ള പ്രവണത ചില ഫിഞ്ചുകള്‍ക്കുണ്ട്. കട്ട്ത്രോട്ട് ഫിഞ്ച്സ്, ഔള്‍ ഫിഞ്ച്സ്, സീബ്ര ഫിഞ്ച്സ് എന്നിവ പ്രജനന കാലങ്ങളില്‍ വൈകാരിക പ്രതികരണം കൂടുതലുള്ളവയാണ്. അവയെ ഒരുമിച്ച് വലിയ കൂടുകളില്‍ പ്രജനനതിന് ഉപയോഗിക്കാന്‍ സാധ്യമല്ല. ഇനംതിരിച്ച് പ്രത്യേകം കൂടുകളില്‍ പാര്‍പ്പിക്കാം. ഒപ്പം അന്തര്‍പ്രജനനം നടക്കാന്‍ സാധ്യതയുള്ള ഇനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കണം. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫിഞ്ചുകളെ ആരോഗ്യത്തോടെ വളര്‍ത്താനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചെടുക്കാനും സാധിക്കും.

ജാവാ കുരുവികൾ


ജാവ, ബാലി, ഇന്തോനേഷ്യന്‍ ദ്വീപുകളാണ് ഇവയുടെ ജന്മദേശം. നെല്വയലുകളും മുളങ്കാടുകളും സ്വാഭാവിക ആവാസകേന്ദ്രം. വയൽകിളികൾ എന്ന് പേരിട്ട് ഇവയെ വിളിക്കുന്നു. ആൽബിനൊവൈറ്റ്, റെഡ്ഐ, ബ്ലാക്ക്ബിസ്ക്കറ്റ് എന്നിവയാണ് പ്രധാന ഇനങ്ങൾ. എല്ലാ ഇനങ്ങൾക്കും കണ്ണുകൾക്ക് ചുറ്റും ചുവന്ന വളയമുണ്ട്. 75x45x50 സെ.മീ. വിസ്‌തീർണമുള്ള കൂട്ടില്‍ ഒരു ജോഡിയെ വളർത്താം. എട്ട് ഒന്പത് മാസം പ്രായമാകുന്പോൾ മുട്ടയിട്ടു തുടങ്ങുന്നു. 30x25x25 സെ.മീ.വലുപ്പവും 5 സെ.മീ. പ്രവേശനദ്വാരവുമുഴള്ള അറവേണം അടയിരിക്കാന്‍. ഒരു സമയത്ത് 4.6 മുട്ടകൾ. മുട്ട വിരിയാൻ 13 ദിവസമെടുക്കും. ഒരു വർഷം നാല് പ്രാവശ്യം മുട്ടകൾ ഇടുന്നു. ഒരേ നിറമുള്ള ആണിനേയും  പെണ്ണിനേയും തിരിച്ചറിയാന്‍ വിശഷമമാണ്. പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് കൂട്ടിലെ കന്പില്‍ പൊങ്ങിച്ചാടുന്നവയായിരിക്കും ആണ്കിളികൾ. തിന, പയർ, കടല എന്നിവ തീറ്റയാക്കാം.